പ്രളയക്കെടുതിയിൽ എല്ലാം നഷ്ടമായവർക്ക് തങ്ങളുടെ രണ്ടേക്കർ ഭൂമി ദാനം നൽകി ഉദ്യോഗസ്ഥ ദമ്പതികൾ. ഒരു ജന്മം കൊണ്ട് സമ്പാദിച്ചുകൂട്ടിയ എല്ലാം നഷ്ടമായവരുടെ വേദനയാണ് ദമ്പതികളെ ഈ സത്കർമ്മത്തിന് പ്രേരിപ്പിച്ചത്. പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്‌പെക്ടർ എം. ഗണേശനും പെരിയാർ വില്ലേജ് ഓഫീസിലെ യുഡി ക്ലാർക്കായ ഭാര്യ എഴിൽ അരശിയുമാണ് രപളയബാധിതർക്ക് സഹായവുമായി രംഗത്തെത്തിയത്.തങ്ങൾ താമസിക്കുന്ന അഞ്ച് സെന്റ് സ്ഥലം ഒഴികെയുള്ള ഭൂമി വിട്ടുനൽകാനാണ് ഇവർ സന്നദ്ധത അറിയിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാർ ടൗണിൽ നിന്ന് നാലുകിലോമീറ്റർ അകലെ കടശിക്കാട് എന്ന സ്ഥലത്താണ് ഭൂമി. വണ്ടിപ്പെരിയാർ പശുമലയിൽ തേയിലത്തോട്ടം തൊഴിലാളികളായിരുന്ന പരേതനായ മാടസ്വാമി കനകമ്മ ദമ്പതികളുടെ മകനാണ് ഗണേശൻ. കനകമ്മ എസ്‌റ്റേറ്റിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ പെൻഷൻ തുകയും ഗണേശന്റെയും ഭാര്യയുടെയും സമ്പാദ്യവും ഉപയോഗിച്ച് 2010 ൽ വിലയ്ക്കുവാങ്ങിയ സ്ഥലമാണ് ദാനം ചെയ്യുന്നതെന്നു ഗണേശൻ പറഞ്ഞു.