മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ലോക കോടീശ്വരൻ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാല് കോടി രൂപയാണ് കേരളത്തിന് സഹായമായി നൽകുന്നത്.
യൂനിസെഫിന് കൈമാറുന്ന തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ പദ്ധതികൾക്കും എൻജിഒകൾക്കും വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി. വെള്ളപ്പൊക്കം മൂലം ഉണ്ടാകുന്ന രോഗങ്ങൾ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ പടരുന്നത് നിയന്ത്രിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും എൻജിഒയെയും ഈ തുക സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
യുഎൻ വഴിയാണ് ഫൗണ്ടേഷൻ മിക്ക പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുള്ളത്. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളില്‍ ഏറ്റവുമധികം ഫണ്ടുളള സംഘടനയാണ് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍. ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. ഇതിനായി തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുമെന്ന് ബില്‍ ഗേറ്റ്‌സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.