കേരളം മുഴുവൻ കൈകോർത്തുനിന്ന് മഹാപ്രളയത്തിന്റെ കെടുതികളിൽനിന്ന് വളരെ പെട്ടെന്ന് ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഒരിക്കൽക്കൂടി മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയുമൊക്കെ ശ്രദ്ധയിലേക്കു വരികയാണ്. കുറേ നാളുകൾക്കുമുമ്പ് കേരളം മുഴുവൻ വ്യാപിച്ച മുല്ലപ്പെരിയാർ സമരത്തിന്റെ മുനയൊടിക്കാൻ തമിഴ്നാട്ടിലെ നേതാക്കൾ കണ്ട വഴി തങ്ങളുടെ ജനതയെക്കൊണ്ട് മലയാളികളെയും അവരുടെ സമ്പാദ്യങ്ങളെയും നശിപ്പിക്കുകയെന്നതായിരുന്നു. അതു വളരെ ഫലപ്രദമായി അവർ നിർവഹിക്കുകയും കേരളജനത വിവേകത്തോടെ സമരത്തിൽനിന്ന് പിൻവാങ്ങുകയും ചെയ്തു. പക്ഷെ അതുവഴിയായി തമിഴ്നാട്ടിലെ ജനങ്ങളോട് പല മലയാളികളുടെയും ഉള്ളിലൊരു അസ്വസ്ഥത രൂപംകൊണ്ടു. തങ്ങളുടെ ജീവനും സ്വത്തിനും ഒരു വിലയും കല്പ്പിക്കാതെ തികച്ചും അന്യായമായ ന്യായവാദങ്ങളുമായി അവർ നമുക്കുമുമ്പിൽ നിന്നതിനേക്കുറിച്ചോർത്ത്. എന്നാൽ ഈ പ്രളയകാലം നമ്മുടെ ധാരണകളിൽ ചില തിരുത്തലുകൾ നടത്തുകയാണ്. കേരളത്തിന്റെ ദുരന്തമറിഞ്ഞ് മലയാളികൾക്കുവേണ്ടി തമിഴ്ജനത നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതുമായ അതിശക്തമായ പിന്തുണയുടെയും സഹായങ്ങളുടെയും കണക്കുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. പാവപ്പെട്ട മനുഷ്യർപോലും തങ്ങളുടെ ഇല്ലായ്മയിൽനിന്ന് കേരളത്തിനുവേണ്ടി പങ്കുവയ്ക്കൽ നടത്തുന്നതിന്റെ ചിത്രങ്ങൾ നിരവധി നാം കണ്ടുകഴിഞ്ഞു. കേരളത്തിൽ കൂലിപ്പണിചെയ്തു ജീവിക്കുന്ന തമിഴ്നാട്ടുകാർ ആരും ചോദിക്കാതെതന്നെ ദുരിതാശ്വാസപ്രവർത്തകർക്കു തങ്ങളുടെ സമ്പാദ്യം പങ്കുവയ്ക്കുന്ന കഥകളും കേട്ടു. കുടുക്കകൾ പൊട്ടിച്ച് തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങൾ മുഴുവൻ നല്കുന്ന കുഞ്ഞുങ്ങളും വലിയ ട്രക്കുകളിൽ കേരളത്തിലേക്കു വേണ്ടതെല്ലാം കൊണ്ടുവരുന്ന മുതിർന്നവരും ലക്ഷങ്ങൾ ദുരിതാശ്വാസനിധിയിലേക്കു നല്കുന്ന സിനിമാതാരങ്ങളുമെല്ലാം തമിഴ്മക്കൾ മലയാളികളെ എങ്ങനെ സ്നേഹിക്കുന്നുു എന്നതിന്റെ തെളിവുകളാണ്. അപ്പോൾപ്പിന്നെ എന്തുകൊണ്ടാണ് ഈ ജനം ഒരിക്കൽ കേരളത്തെ ശത്രുവിനേപ്പോലെ നോക്കിക്കണ്ട് ഉപദ്രവിച്ചത്!? അതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ഉത്തരം മാത്രമേ കണ്ടെത്താൻ സാധിക്കു. അവർ ചില സ്ഥാപിതതാല്പര്യക്കാരുടെ ചട്ടുകമാക്കപ്പെടുകയായിരുന്നു. നേതാക്കന്മാരാൽ തെറ്റിധരിപ്പിക്കപ്പെട്ട ഒരു സമൂഹമാണവർ. മുല്ലപ്പെരിയാർ ഡാം പൊളിക്കാൻ അനുവദിച്ചാൽ കേരളം പിന്നെ അതൊരിക്കലും നിർമ്മിക്കില്ലെന്നും, അഥവാ നിർമ്മിച്ചാൽ അതിലെ ജലം തങ്ങൾക്കുപയോഗിക്കാൻ തരില്ലെന്നും ജനങ്ങളെ ആരൊക്കെയോചേർന്ന് തെറ്റിധരിപ്പിച്ചിട്ടുണ്ട്. വെള്ളമില്ലെങ്കിൽ തങ്ങളുടെ ജീവിതം നശിക്കുമെന്ന ഭീതിയിലാണ് അന്ന് അവർ അക്രമപ്രവൃത്തികളിലേക്കു തിരിഞ്ഞതെന്നുവേണം അനുമാനിക്കാൻ.
ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു വീണ്ടുവിചാരം ആവശ്യമാണ്. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്നുറപ്പുള്ള ശാസ്ത്രജ്ഞന്‍മാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള ഒരുകൂട്ടം മനുഷ്യർ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇതൊരു ഗ്രാവിറ്റി ഡാമായതുകൊണ്ട് ഒന്നും ഭയപ്പെടാനില്ല എന്നു മറ്റു ചിലർ പറയുന്നു. ഇപ്രകാരം ഡാം സുരക്ഷിതമാണെന്നു പറയുന്നവർ, ആയുസു പൂർത്തിയായ ഡാമുകളെല്ലാം ഡീകമ്മീഷൻ ചെയ്യണമെന്നുള്ള അന്താരാഷ്ട്രനിലപാടുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? മറ്റു ചിലർ പറയുന്നത് ബലക്ഷയമുണ്ടായിരുന്ന ഡാമിനെ തമിഴ്നാട് സംരക്ഷണഭിത്തി കെട്ടിയും ഡാമിന്റെ കെട്ടിനെ ഉറപ്പിച്ചുനിറുത്തിയിരുന്ന സുർക്കി മിശ്രിതം ഒഴുകിപ്പോയി പൊള്ളയായിരുന്ന സ്ഥലങ്ങളിൽ കോൺക്രീറ്റ് ഒഴിച്ച് അതു നിറച്ചും ബലപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഇങ്ങനെ കാലപ്പഴക്കംകൊണ്ട് ബലക്ഷയം സംഭവിച്ച ഡാമുകളെ കയ്യാലകെട്ടിയും കോൺക്രീറ്റ് കലക്കിയൊഴിച്ചും ബലപ്പെടുത്തി നിർത്താൻ പറ്റുമായിരുന്നെങ്കിൽ പിന്നെയെന്തുകൊണ്ടാണ് സാങ്കേതികവിദ്യയിൽ നമുക്കു മുന്നേ പോകുന്ന പല വിദേശരാജ്യങ്ങളും അങ്ങനെയുള്ള വഴികൾതേടാതെ കോടികൾമുടക്കി നിർമ്മിച്ച ഡാമുകൾ അവയുടെ ആയുസെത്തികഴിയുമ്പോൾ ഡീകമ്മീഷൻ ചെയ്യുന്നത്? അവരൊക്കെയെന്താ വെറുതേ ഡാം കെട്ടിയും പൊളിച്ചും കളിക്കുകയാണോ..? അമേരിക്കപോലുള്ള രാജ്യങ്ങളിൽ ഡാമുകളുടെ ആയുസ് അമ്പത് വർഷമായാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് എവിടെയോ വായിച്ചു. അപ്പഴാ ഇവിടെ ‘കാലനില്ലാത്ത കാല’ത്തിലെ കഥാപാത്രത്തെപ്പോലെ ഒരു ഡാം ഇപ്പോഴും നിലനില്‍ക്കുന്നത്. മുല്ലപ്പെരിയാർ ഡാം ബലക്ഷയത്തിന്റെ പല ലക്ഷണങ്ങളും കാണിച്ചിട്ടുണ്ടെന്നത് ഡാം സുരക്ഷിതമാണെന്നു വാദിക്കുന്നവരും സമ്മതിക്കേണ്ട ഒരു സത്യമാണല്ലോ. ഡാം സുരക്ഷിതമാണെന്നത് അതു തകരുന്നതുവരെമാത്രം പറഞ്ഞുകൊണ്ടിരിക്കാൻപറ്റുന്ന ഒരു പല്ലവിയാണെന്നു മറക്കാതിരിക്കാം.
മറ്റൊരു വാദം, അഥവാ മുല്ലപ്പെരിയാർ ഡാമിനെന്തെങ്കിലും സംഭവിച്ചാൽത്തന്നെ ഇടുക്കി ഡാമിന് ആ വെള്ളം കൂടി ഉൾക്കൊള്ളാനുള്ള കരുത്തുണ്ടെന്നാണ്. ഈ വാദം പറയുമ്പോൾത്തന്നെ രണ്ടുകാര്യങ്ങൾ മറക്കുന്നുണ്ട്. ഒന്ന് മുല്ലപ്പെരിയാർ ഒഴുകി ഇടുക്കിയിലെത്തുംവരെയുള്ള സ്ഥലങ്ങളുടെയും അവിടെ വസിക്കുന്ന ജനങ്ങളുടെയും അവസ്ഥ. മറ്റൊന്ന് ഒരു ഡാം തകർന്ന് ഒഴുകിവരുന്നത് വെള്ളംമാത്രമല്ല എന്ന സത്യം. ഇതുരണ്ടും മാറ്റിവെച്ചാലും ഇടുക്കി ഡാം എന്തുമാത്രം താങ്ങുമെന്ന് ഈ പ്രളയകാലം നമുക്കു കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാദത്തിനിനി പ്രസക്തിയില്ല. ഏതായാലും പ്രകൃതിയിൽ മനുഷ്യൻ കെട്ടിപ്പൊക്കുന്ന എല്ലാ അസ്വാഭാവിക നിർമ്മാണങ്ങൾക്കും പ്രകൃതിതന്നെ നിശ്ചയിക്കുന്ന ഒരായുസുണ്ടെന്നുള്ളത് സത്യമാണ്. ഭൂപ്രകൃതിയുടെ ആകൃതിപോലും ശാശ്വതമല്ലെന്നു നാം മനസിലാക്കിക്കൊണ്ടിരിക്കുകയാണ്.
ഏതായാലും മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടോ ഇല്ലയോ എന്നുള്ള തർക്കമവിടെ നില്ക്കട്ടെ. മറ്റൊരു വിചാരമാണ് ഇനി സജീവമാകേണ്ടതെന്ന് എനിക്കു തോന്നുന്നു. മുല്ലപ്പെരിയാർ ഡാം പുനർനിർമ്മിച്ചാൽ എന്താണ് പ്രശ്നം? അതുകൊണ്ട് ആർക്കാണ് നഷ്ടം, ആർക്കാണ് ലാഭം..? ഡാമിനെന്തെങ്കിലും ദുരന്തം സംഭവിച്ചാൽ കേരളത്തിനും തമിഴ്നാടിനും അത് ഒരുപോലെ ദുരന്തമാകും. കേരളത്തിന്റെ ഒരു ഭാഗം നിമിഷനേരംകൊണ്ട് ഇല്ലാതാകുമ്പോൾ തമിഴ്നാടിന്റെ ഏതാനും ജില്ലകൾ ജലമില്ലാതെ നരകിച്ചുമരിക്കും. അപ്പോൾ സുരക്ഷിതമായ ഡാം ഉണ്ടായാൽ രണ്ടുസംസ്ഥാനങ്ങൾക്കും ഊരുപേടിയില്ലാതെ സമാധാനത്തിൽ ജീവിക്കാൻ അതു കാരണമാകും എന്നതാണ് സത്യം. പക്ഷെ എന്താണ് അതിനു തടസമായിട്ടുള്ളത്...? ഇപ്പോഴത്തെ കേസുകളും കോടതിവിധികളുമൊക്കെ ഇരുസംസ്ഥാനങ്ങളും ഒരുമിച്ചിരുന്നാൽ തീരുന്നതേയുള്ളു എന്നു നമുക്കറിയാം. പിന്നെയുള്ളത് ഡാം പുനർനിർമ്മിക്കുന്നതിനുവേണ്ടിവരുന്ന ഭീമമായ ചിലവാണ്. അതിനുപക്ഷെ നിരവധിയായ മാർഗങ്ങൾ നമുക്കുമുമ്പിലുണ്ടെന്നുള്ളതിന് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പലവിധ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ സാക്ഷ്യങ്ങളാണ്. അങ്ങനെ ഒരോതടസത്തെയും അരിച്ചുനീക്കി മുന്നോട്ടുവരുമ്പോൾ നമ്മൾ എത്തിനില്ക്കുന്ന അന്യായത്തിന്റെ വലിയ ചില തുരുത്തുകളുണ്ട്. അതിലൊന്നാണ് സ്ഥലംകൊണ്ടും ജലംകൊണ്ടും പൂർണമായും കേരളത്തിന്റെ സ്വന്തമായ മുല്ലപ്പെരിയാർ ഡാമിന്റെമേൽ യുക്തിരഹിതവും കാലഹരണപ്പെട്ടതുമായ ഒരു കരാറിന്റെ ഉറപ്പിൽ തമിഴ്നാട് കയ്യാളുന്ന അവകാശം. രണ്ടാമതായി തമിഴ്നാടിന്റെ അഞ്ചാറു ജില്ലകളിലെ പച്ചപ്പു നിലനിറുത്തുന്നതിനും അവയെ വിഭവസമൃദ്ധമാക്കുന്നതിനും പ്രതിവർഷം അവർ കേരളത്തിനു നല്കുന്ന പത്തുലക്ഷം രൂപ. അതായത് പ്രതിമാസം 83334 രൂപ. ഒരദ്ധ്യാപകന്റെ ഒരു മാസത്തെ ശമ്പളത്തിനൊത്ത തുക! അണക്കെട്ട് പുതുക്കിപ്പണിതാൽ ഇപ്പോഴും നിലനില്‍ക്കുന്നു എന്നുപറയപ്പെടുന്ന പഴയ കരാർ റദ്ദാക്കപ്പെടുകയും ഈ രണ്ട് അന്യായങ്ങൾ ഇല്ലാതാവുകയും ചെയ്യും എന്നതാണ് ഫലം. തമിഴ്നാട് ഡാമിന്റെ പുനർനിർമ്മാണത്തെ എതിർക്കുന്നതിന്റെ അടിസ്ഥാനകാരണങ്ങൾ ഇതാണെന്ന് അറിയാത്തവർ ആരാണുള്ളത്. എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി അറിവില്ലായ്മ ഭാവിക്കുന്നു എന്നതാണ് ദുരന്തം. തമിഴ്നാട്ടിലെ രാഷ്ട്രീയം അല്പംകൂടി കടന്ന് ഡാം പുനർനിർമ്മിച്ചാൽ കേരളം തങ്ങൾക്കു വെള്ളം തരില്ല എന്നു ജനത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിവച്ചിരിക്കുന്നു...
രണ്ടുസംസ്ഥാനങ്ങളിലെയും രാഷ്ട്രീയപാർട്ടികൾ സ്വാർത്ഥതവെടിഞ്ഞ് ഒരു മേശയ്ക്കുചുറ്റുമിരുന്നാൽ തീരാവുന്ന പ്രതിസന്ധിമാത്രമല്ലേ ഇതെന്നു സംശയിച്ചുപോകുന്നു. അന്ധന്റെ പിച്ചച്ചട്ടിയിൽനിന്ന് മോഷ്ടിക്കുന്നതുപോലെയുള്ള പെരുമാറ്റം അവസാനിപ്പിച്ച് രാജ്യത്തു നിലവിലിരിക്കുന്ന വ്യവസ്ഥകളനുസരിച്ചുള്ള കരാറുകളിൽ ഏർപ്പെട്ട് മാന്യമായി ഈ പ്രശ്നത്തെ പരിഹരിക്കാൻ തമിഴ്നാട്ടിലെ രാഷ്ട്രീയനേതൃത്വം തയ്യാറാകണം. നിയമങ്ങളും കോടതികളുമുള്ള ജനാധിപത്യരാജ്യത്തിൽ തങ്ങൾക്കാവശ്യമുള്ള ജലം ലഭിക്കാനും ജീവിതവും ജീവിതമാർഗങ്ങളും സുരക്ഷിതമാക്കാനും നിരവധി വഴികളുണ്ടെന്നും തിരിച്ചുള്ള പ്രചരണങ്ങളൊക്കെ രാഷ്ര്ടീയക്കളികളിലെ കരുനീക്കങ്ങൾ മാത്രമാണെന്നും തമിഴ്മക്കളെ ആരെങ്കിലുമൊക്കെ ബോദ്ധ്യപ്പെടുത്തുകയും വേണം. കേരളത്തിന്റെ പ്രളയനാളുകളിൽ കേരളത്തിലെ രാഷ്ട്രീയനേതൃത്വം കക്ഷിരാഷ്ട്രീയംമറന്നു പ്രകടിപ്പിച്ച അസാധാരണമായ നടപടികൾ സ്വാർത്ഥതവെടിഞ്ഞാൽ തങ്ങൾക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ സാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട്. ആ വെളിച്ചംകണ്ട് കൊതിച്ചാണ് ഇത്രയും എഴുതിയത്. നല്ലത് ഭവിക്കട്ടെ...
ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ